സിഡ്നി: മോട്ടോർ ന്യൂറോൺ രോഗത്തിനെതിരേയുള്ള ചാരിറ്റി ഫണ്ട് ശേഖരണത്തിനായി ഓസ്ട്രേലിയയ്ക്കു കുറുകെ 5,300 കിലോമീറ്റർ സൈക്കിൾ ചവിട്ടി ലക്ഷ്യം പൂർത്തിയാക്കിയതിന് തൊട്ടടുത്ത ദിവസം 82കാരൻ അന്തരിച്ചു. ഓസ്ട്രേലിയൻ സ്വദേശിയായ ബോബ് മോണ്ട്ഗോമറിയാണ് ദൗത്യം പൂർത്തിയാക്കി സന്തോഷം പങ്കിട്ടതിനു പിന്നാലെ ലോകത്തോടു വിടപറഞ്ഞത്.
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ബ്രൂമിൽനിന്ന് തുടങ്ങി സിഡ്നിക്ക് തെക്കുപടിഞ്ഞാറുള്ള ബൗറൽ വരെ നീണ്ട ആറാഴ്ചത്തെ ക്ലേശകരമായ യാത്രയിൽ 18കാരനായ പേരക്കുട്ടി ടോം മാൽക്കമും ബോബിനൊപ്പമുണ്ടായിരുന്നു. ''വൺ ലാസ്റ്റ് റൈഡ്'' എന്ന് നാമകരണം ചെയ്ത ഈ യാത്രയിലൂടെ മോട്ടോർ ന്യൂറോൺ രോഗത്തിനെതിരേയുള്ള ചാരിറ്റി ഫണ്ടിലേക്ക് ഏകദേശം 105,000 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 58 ലക്ഷത്തിലധികം രൂപ) ഇരുവരും ചേർന്ന് സമാഹരിച്ചു.
ഞായറാഴ്ച യാത്ര പൂർത്തിയാക്കി ബൗറലിൽ എത്തിയ ബോബിനെയും പേരക്കുട്ടിയെയും നാട്ടുകാർ വലിയ ആവേശത്തോടെയാണു വരവേറ്റത്. വഴിനീളെ കണ്ടുമുട്ടിയ മനുഷ്യരുടെ പിന്തുണയും സ്നേഹവുമാണ് തനിക്കു പ്രചോദനമായതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച കുടുംബാംഗങ്ങൾക്കൊപ്പം വിജയാഘോഷങ്ങളിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ശാന്തമായി മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് ബന്ധു മരിച്ചതിനെത്തുടർന്നാണ് ബോബ് ഈ ജീവകാരുണ്യ ദൗത്യങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത്. മുന്പ് നടത്തിയ അഞ്ച് ചാരിറ്റി റൈഡുകളിലൂടെ അദ്ദേഹം 300,000 ഓസ്ട്രേലിയൻ ഡോളറോളം ഫണ്ട് സമാഹരിച്ചിരുന്നു. ജീവകാരുണ്യരംഗത്ത് മാതൃകാപരമായ സേവനം കാഴ്ചവച്ച ബോബിന്റെ അപ്രതീക്ഷിത വിയോഗത്തിൽ എംഎൻഡി സംഘടനയും ഓസ്ട്രേലിയയിലെ വിവിധ സംഘടനകളും അനുശോചിച്ചു.
എന്താണ് മോട്ടോർ ന്യൂറോൺ രോഗം
മസ്തിഷ്കത്തെയും സുഷുമ്നാനാഡിയെയും പേശികളുമായി ബന്ധിപ്പിക്കുന്ന നാഡീകോശങ്ങളെ ക്രമേണ നശിപ്പിക്കുന്ന ഒരു അപൂർവ രോഗാവസ്ഥയാണ് മോട്ടോർ ന്യൂറോൺ ഡിസീസ്. നമ്മുടെ ചലനങ്ങൾ (നടത്തം, കൈകൾ അനക്കൽ, സംസാരിക്കൽ, ഭക്ഷണം വിഴുങ്ങൽ, ശ്വാസമെടുക്കൽ എന്നിവ) നിയന്ത്രിക്കുന്നത് മോട്ടോർ ന്യൂറോണുകളാണ്. ഈ നാഡീകോശങ്ങൾ നശിക്കുന്നതോടെ തലച്ചോറിൽനിന്നുള്ള സന്ദേശങ്ങൾ പേശികളിലേക്ക് എത്താതാകുകയും പേശികൾ തളർന്നുപോകുകയും ചെയ്യുന്നു.
ലോകമെമ്പാടുമായി ഏകദേശം 2,72,700 മോട്ടോർ ന്യൂറോൺ രോഗികളുണ്ടെന്നാണു റിപ്പോർട്ട്. ലോക ജനസംഖ്യയിൽ ഒരുലക്ഷം ആളുകളിൽ നാലു മുതൽ ആറുപേർക്കുവരെ ഈ രോഗാവസ്ഥ കാണപ്പെടുന്നു. ഓരോ വർഷവും ചുരുങ്ങിയത് 64,177 പേർക്കുവരെ പുതുതായി രോഗം കണ്ടെത്തുന്നുണ്ട്. 2040 ആകുമ്പോഴേക്കും ആഗോളതലത്തിൽ ഈ രോഗികളുടെ എണ്ണം 3.75 ലക്ഷത്തിനു മുകളിലേക്ക് ഉയരുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.